സാധാരണക്കാരന്റെ കാര്‍; ആള്‍ട്ടോ കെ10 വില്‍പ്പന നിര്‍ത്തുന്നു

ന്ത്യയില്‍ വാഹനവിപ്ലവത്തിന് വഴിയൊരുക്കിയ കാറാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ അള്‍ട്ടോ. 2000 -ലാണ് ആദ്യ അള്‍ട്ടോ ഹാച്ച്ബാക്കിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് 2012 ല്‍ അള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി രണ്ടാംതലമുറ അള്‍ട്ടോയെ അവതരിപ്പിച്ചു. 2010ല്‍ അള്‍ട്ടോ കെ10 ആദ്യ തലമുറ വിപണിയില്‍ എത്തി.

അള്‍ട്ടോ കെ10 -ന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങുന്നതായി വിവരം. 2020 മാര്‍ച്ച് 31 -ന് മുമ്പായി ഡീലര്‍ഷിപ്പുകളില്‍ ഉള്ള പതിപ്പുകളെ വിറ്റഴിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അടുത്തിടെ മാരുതി അവതരിപ്പിച്ച മിനി എസ്യുവി മോഡലായ എസ്-പ്രെസ്സോയുടെ വരവോടെയാണ് അള്‍ട്ടോ കെ10 -ന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്.

വാഹനത്തെ പിന്‍വലിക്കുകയാണെന്ന് കമ്പനി അറിയിച്ചെങ്കിലും ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോഴും അള്‍ട്ടോ കെ10 ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിക്കുന്നില്ലെന്നും നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള മോഡലുകളെ വിറ്റഴിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍.

ആദ്യ അള്‍ട്ടോ കാര്‍ നിരത്തിലെത്തി 20വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ ഈ ഹാച്ച് ബാക്കിന്റെ 38 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലും അള്‍ട്ടോയാണെന്ന് മാരുതി സുസുക്കി പറയുന്നു.

ആഗോളതലത്തിലെ ആദ്യ ആള്‍ട്ടോ കാറിന് 2019 ഒക്ടോബറില്‍ 40 വയസ് തികഞ്ഞിരുന്നു. 1979 ഒക്ടോബറിലാണ് ജപ്പാനിലെ സുസുക്കി പ്ലാന്റില്‍ ഈ ഹാച്ച് ബാക്ക് ജനിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളിലെ മാരുതി അള്‍ട്ടോ 800 മോഡലില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ രാജ്യങ്ങളിലെ അള്‍ട്ടോ.

Top