മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനൊരുങ്ങുന്നു

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രമാണ് നായാട്ട്. തിയേറ്ററുകളിലെ വിജയത്തിന് ശേഷം മലയാള ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ഉടന്‍ റിലീസിനൊരുങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍, ഈ മാസം ഒമ്പതിന് തന്നെ നായാട്ട് നെറ്റ്ഫ്‌ലിക്‌സിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെറ്റ്ഫ്‌ലിക്‌സിന് പുറമെ സിംപ്ലി സൗത്ത് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും സിനിമ റിലീസിനെത്തും. ഏപ്രില്‍ എട്ടിനായിരുന്നു മലയാള ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചാര്‍ലി ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് മാര്‍ട്ടിന്‍ പ്രകാട്ട്.

ജോസഫ് സിനിമയുടെ തിരക്കഥ എഴുതിയ ഷാഹി കബീറാണ് നായാട്ടിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകന്‍. പ്രശസ്ത റാപ്പര്‍ വേടന്റെ ഗാനവും നായാട്ടിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയിരുന്നു. മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനുമാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് നായാട്ട് നിര്‍മിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതിന് കുഞ്ചാക്കോ ബോബന്‍- നയന്‍താര ജോഡിയില്‍ ഒരുക്കിയ നിഴല്‍ എന്ന ത്രില്ലര്‍ ചിത്രവും സിംപ്ലി സൗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

 

Top