ജിപ്‌സിയുടെ പകരക്കാരനായി ജിമ്‌നി എത്തുന്നു; അടുത്ത വര്‍ഷം ഇന്ത്യയില്‍ ഉത്പാദനം തുടങ്ങും

ഫ് റോഡ് വാഹനപ്രേമികളുടെ മനം കവര്‍ന്ന വാഹനമാണ് ജിപ്‌സി. ഇപ്പോള്‍ ജിപ്‌സിയുടെ പകരക്കാരനായി അടുത്ത വര്‍ഷത്തോടെ ജിമ്‌നി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇതോടെ ജിമ്‌നിയുടെ ആദ്യ തലമുറ മോഡലായ ജിപ്‌സിയുടെ നാലാം തലമുറ വകഭേദമാവും അടുത്ത വര്‍ഷത്തോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചു തുടങ്ങുക.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടു ജിമ്‌നി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ്.യു.വി വികസനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഓഫ് റോഡ് മികവിനൊപ്പം ദൈനം ദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം സാക്ഷാത്കരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ജിമ്‌നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കുമെന്നാണ് സൂചന. ഗുജറാത്തില്‍ സുസുക്കി സ്ഥാപിച്ച നിര്‍മാണശാലയില്‍ നിന്നാവും ജിമ്‌നി പുറത്തെത്തുക. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിമ്‌നി കയറ്റുമതിയും ഈ ശാലയില്‍ നിന്നാവും.

ജിമ്‌നിയുടെ ദീര്‍ഘിപ്പിച്ച വീല്‍ബേസുള്ള മോഡല്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ജപ്പാനില്‍ പുരോഗമിക്കുകയാണ്. അഞ്ചു വാതില്‍ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തില്‍ കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാവും. വിദേശത്തു രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് ജിമ്‌നി ലഭിക്കുക. ജപ്പാനില്‍ 660 സി.സി, മൂന്നു സിലണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനോടെയും മറ്റു രാജ്യങ്ങളില്‍ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെയും.

1.5 ലീറ്റര്‍ എന്‍ജിന്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വില്‍ക്കുന്ന എര്‍ട്ടിഗയിലും സിയാസിലും ഇടംപിടിച്ചിട്ടുണ്ട്. വൈകാതെ വിറ്റാര ബ്രേസയിലും ഈ എന്‍ജിന്‍ മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 104 ബി.എച്ച്.പിയോളം കരുത്തും 138 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഈ എന്‍ജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ്. കൂടാതെ നാലു സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്‌സ് സഹിതവും ഈ എന്‍ജിന്‍ എത്തുന്നുണ്ട്.

ഫോര്‍ വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കേസാണ് ജിമ്‌നിയിലുള്ളത്. റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള ജിമ്‌നി ആവശ്യഘട്ടത്തില്‍ മാത്രമാണ് ഓള്‍ വീല്‍ ഡ്രൈവായി മാറുക. ദൃഢതയുള്ള ലാഡര്‍ ഫ്രെയിം ഷാസിയോടെ എത്തുന്ന വാഹനത്തില്‍ എയര്‍ ബാഗ്, എ.ബി.എസ്, ഇ.എസ്.പി, പവര്‍ സ്റ്റീയറിങ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, എയര്‍ കണ്ടീഷനിങ്, ആപ്ള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും സഹിതമുള്ള ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവയും വാഹനത്തില്‍ ലഭ്യമാക്കും.

Top