യുഎസ് ആണവപരീക്ഷണങ്ങളുടെ ദുരന്തഫലം പേറുന്ന മാർഷൽ ദ്വീപുകൾ ചൈനയോട് അടുക്കുന്നു

വെല്ലിങ്ടൻ (ന്യൂസീലൻഡ്) : 70 വർഷം മുൻപ് യുഎസ് നടത്തിയ ആണവപരീക്ഷണങ്ങളുടെ ദുരന്തഫലം പേറുന്ന ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപുകൾ ചൈനയോട് അടുക്കുന്നു. ആണവപരീക്ഷണങ്ങൾ ദ്വീപസമൂഹത്തിലെ ജീവനും പരിസ്ഥിതിക്കും ഏൽപിച്ച ആഘാതത്തോട് യു എസ് ഭരണകൂടം തുടരുന്ന നിസ്സംഗതയാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്നു നിക്ഷേപവും വികസനപിന്തുണയും തേടാൻ ദ്വീപിനെ പ്രേരിപ്പിക്കുന്നത്. ഈ നീക്കം യുഎസിനെ ആകുലരാക്കുന്നു.

ശീതയുദ്ധകാലത്ത് ശാന്തസമുദ്രത്തിൽ യുഎസ് നടത്തിയ ആണവപരീക്ഷണങ്ങളുടെ മാലിന്യം മാർഷൽ ദ്വീപുകളിൽ പരിസ്ഥിതിനാശത്തിനും ഉയർന്ന കാൻസർ നിരക്കിനും കാരണമായിരിക്കുകയാണെന്ന് ദ്വീപു ജനത ആരോപിക്കുന്നു. ആണവമാലിന്യം നീക്കണമെന്ന ആവശ്യത്തോട് യുഎസ് മുഖംതിരിച്ചു നിൽക്കുകയാണ്.

1986ൽ മാർഷൽ ദ്വീപുകളെ സ്വതന്ത്രമാക്കിയപ്പോൾ ആണവമാലിന്യം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി യുഎസ് നൽകാമെന്നു സമ്മതിച്ച 15 കോടി ഡോളർ പ്രതിസന്ധി നേരിടാൻ അപര്യാപ്തമാണെന്ന് ദ്വീപു ജനത പറയുന്നു. അവരുടെ ആവശ്യത്തോട് യുഎസ് അനുഭാവപൂർവം പ്രതികരിച്ചില്ലെങ്കിൽ തന്ത്രപ്രധാന മേഖല കൈവിട്ടുപോകുമെന്നു ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങൾ ഈ മാസം ആദ്യം പ്രസിഡന്റ് ജോ ബൈഡനു കത്തെഴുതിയിരുന്നു.

2019ൽ സോളമൻ ദ്വീപുകളിൽ മേധാവിത്വം സ്ഥാപിച്ചതുപോലെ വലിയ നിക്ഷേപവും സാമ്പത്തികസഹായവും നൽകി മാർഷൽ ദ്വീപുകളിലും സാന്നിധ്യമുറപ്പിക്കാനാണു ചൈനയുടെ ശ്രമം. ആണവപ്രതിസന്ധി പരിഹരിക്കാൻ ദ്വീപസമൂഹത്തെ സഹായിക്കാനും പരസ്പരബഹുമാനത്തോടെ സഹകരിക്കാനും തയാറാണെന്നു ചൈന പറഞ്ഞിട്ടുമുണ്ട്.

Top