വിവാഹിതയായ മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് ഹറാം:അലഹബാദ് ഹൈക്കോടതി

വിവാഹിതയായ മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് ഹറാമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീ മറ്റൊരു പുരുഷനുമായി താമസിക്കുന്നത് ശരീഅത്ത് നിയമപ്രകാരം ‘സീന’ അഥവാ ‘വ്യഭിചാരം’ ആയി കണക്കാക്കപ്പെടുമെന്നും ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ലിവ്-ഇന്‍ ബന്ധത്തിലുള്ള ഹിന്ദു പുരുഷനും മുസ്ലീം സ്ത്രീയും ഇരുവരുടെയും ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. യുവതി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരി നിലവില്‍ വിവാഹിതയാണെന്നും മുന്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാത്ത സാഹചര്യത്തില്‍ മറ്റൊരു പുരുഷനുമായുള്ള ലിവ്-ഇന്‍ ബന്ധം മുസ്ലീം ശരീഅത്ത് നിയമപ്രകാരം ഹറാമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. ജസ്റ്റിസ് രേണു അഗര്‍വാള്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി.

വിവിധ വിധിന്യായങ്ങള്‍ പരാമര്‍ശിച്ച ശേഷമാണ്, വിവാഹിതയായ മുസ്ലീം സ്ത്രീയുടെ ലിവ്-ഇന്‍ ബന്ധം മുസ്ലീം നിയമത്തെ ലംഘിക്കുന്നുവെന്ന നിഗമനത്തിലേക്ക് കോടതി എത്തിച്ചേരുന്നത്. മുസ്ലീം നിയമമനുസരിച്ച്, വിവാഹിതയായ സ്ത്രീക്ക് വിവാഹജീവിതത്തില്‍ നിന്ന് പുറത്തുപോകാന്‍ കഴിയില്ല, അതിനാല്‍ മുസ്ലീം സ്ത്രീയുടെ ഈ പ്രവൃത്തിയെ ‘സീന’, ‘ഹറാം’ എന്നിങ്ങനെ നിര്‍വചിക്കുന്നുവെന്നും കോടതി പറഞ്ഞു.തന്റെ ഭര്‍ത്താവ് നേരത്തെ തന്നെ പുനര്‍വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടാം ഭാര്യയ്ക്കൊപ്പമാണ് നിലവില്‍ താസിക്കുന്നതെന്നും യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതായും എന്നാല്‍ പിതാവിന്റെ മോശം പെരുമാറ്റം കാരണമാണ് ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയിരുന്നു.

പിതാവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് യുവതിയും ലിവ്-ഇന്‍ പങ്കാളിയും കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുവതിയുടെ ക്രിമിനല്‍ നടപടിയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് രേണു അഗര്‍വാള്‍ വ്യക്തമാക്കി.ഹര്‍ജിക്കാരി മതം മാറാന്‍ അപേക്ഷയൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ ലിവ്-ഇന്‍ ബന്ധത്തിലുള്ള മുസ്ലീം സ്ത്രീയുടെ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം നിലവില്‍ മുസ്ലീം നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു പുരുഷനോടൊപ്പം താമസിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള ദ്വിഭാര്യത്വ കുറ്റത്തില്‍ ഉള്‍പ്പെടുത്തപ്പെടാമെന്നും ജസ്റ്റിസ് രേണു അഗര്‍വാള്‍ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ ബന്ധങ്ങള്‍ക്ക് കോടതി സംരക്ഷണം നല്‍കുന്നില്ലെന്നും രേണു അഗര്‍വാള്‍ ചൂണ്ടികാട്ടി.

Top