കുവൈറ്റില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു

കുവൈറ്റ് സിറ്റി: കുവൈത്തില്‍ യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്ന ശേഷം ആശുപത്രി കവാടത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സബാഹ് അല്‍ സലീം നഗരത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

കൊലപ്പെടുത്തിയ യുവാവ് ഏതാനും മാസം മുമ്പ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് നിരസിച്ച യുവതിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ സഹോദരി 30കാരനായ കുവൈത്ത് പൗരനെതിരേ  പൊലീസില്‍  പരാതിയും നല്‍കി. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഫഹദ് സുബഹി മുഹമ്മദ് എന്ന് പേരുള്ള യുവാവ് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

മക്കളുമൊത്ത് പോവുകയായിരുന്ന യുവതിയെ വഴിയില്‍ വച്ച് ബലമായി കാറില്‍ കയറ്റിയ കൊണ്ടുപോയ ശേഷം വാഹനത്തില്‍ വെച്ചുതന്നെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പത്തിലേറെ തവണയാണ് യുവാവ് യുവതിയെ കുത്തിയത്. മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം യുവതിയുടെ മൃതദേഹവും കുട്ടികളെയും നഗരത്തിലെ ആശുപത്രിയുടെ ഗേറ്റില്‍ ഇറക്കിയ ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ യുവാവ് പിടിയിലാവുകയുമുണ്ടായി. യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Top