നിയന്ത്രണങ്ങള്‍ പാലിക്കാതെ വിവാഹാഘോഷം; രാജസ്ഥാനില്‍ വരനടക്കം 37 പേര്‍ക്ക് കോവിഡ്

ജയ്പുര്‍: രാജസ്ഥാനില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വരനടക്കമുള്ള 37 പേര്‍ക്കു കോവിഡ് ബാധിച്ചു. ജൂണ്‍ 27ന് അജ്‌മേറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണു കോവിഡ് ബാധിച്ചത്. 50 പേര്‍ മാത്രം അനുവദിക്കപ്പെട്ടിടത്ത് 200ലേറെ പേരാണു വിവാഹ വിരുന്നില്‍ പങ്കെടുത്തത്. പരിശോധനാഫലം വരുന്നതോടെ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകാനുള്ള സാധ്യതയുമുണ്ട്.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 22,212 പേരാണ് രോഗബാധിതരായത്. മരണസംഖ്യ 489 ആയി. 4846 പേര്‍ ചികില്‍സയിലുണ്ട്.

Top