വിവാഹ രജിസ്‌ട്രേഷന് വീഡിയോ അഭിമുഖം, പുതിയ നിര്‍ദ്ദേശവുമായി ഹൈക്കോടതി . . !

കൊച്ചി: ദമ്പതികള്‍ നേരിട്ടെത്തുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായാലും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി നിര്‍ദേശിച്ചു. അമേരിക്കയില്‍ വിസ മാറ്റത്തിന് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെത്തുടര്‍ന്ന് കൊല്ലം സ്വദേശി പ്രദീപും ഭാര്യ ബെറിലും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. അമേരിക്കയിലുള്ള ഇവര്‍ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിന് അപേക്ഷിക്കണമെങ്കില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. നാട്ടിലേക്ക് വന്നാല്‍ തിരിച്ച് യു.എസിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപേക്ഷ കൊല്ലം കോര്‍പ്പറേഷനിലെ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ നിരസിച്ചിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് നേരിട്ടെത്തണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നിരസിച്ചത്.

എന്നാല്‍, സാമൂഹ്യ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിയമത്തിനും മാറ്റം വരുത്തണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്നും, സാമൂഹ്യ താല്പര്യങ്ങള്‍ക്ക് നിയമം എതിരാകുന്നത് പുരോഗതിക്ക് തടസമാകുമെന്നും, പല കേസുകളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കോടതികള്‍ വിചാരണ നടത്തുന്നുണ്ടെന്നും, ഇത്തരം കേസില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരാകുന്നവര്‍ നേരിട്ട് ഹാജരാകുന്നുവെന്ന് വിലയിരുത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതേപോലെ വിവാഹ രജിസ്‌ട്രേഷനും വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദമ്പതികളുടെ സമ്മതം ഈ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥന് തേടാന്‍ കഴിയും, ഇതിനുള്ള സൗകര്യം ഒരുക്കണം, രജിസ്റ്ററില്‍ പ്രദീപിനു വേണ്ടി പിതാവ് ക്‌ളീറ്റസിനും ബെറിലിനുവേണ്ടി പിതാവ് ജോര്‍ജിനും ഒപ്പുവെക്കാന്‍ അനുമതി നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

2000 ജനുവരി 23 ന് കടവൂരിലെ ഒരു പള്ളിയില്‍ പ്രദീപും ബെറിലും വിവാഹിതരായത്. ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് പിന്നീട് മറ്റൊരു ജോലി തേടി അയര്‍ലന്റിലേക്ക് പോയി. അവിടെ കുടുംബമായി കഴിയുന്നതിനിടെ 2016 ല്‍ അമേരിക്കയിലേക്ക് മാറി. പ്രദീപിന് എല്‍ – വണ്‍ വിസയും ഭാര്യക്കും മകനും എല്‍ – ടു വിസയുമുണ്ട്. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായതോടെ പെര്‍മനന്റ് റെഡിഡന്റ് സ്റ്റാറ്റസ് ഇല്ലാത്തവര്‍ അമേരിക്ക വിടേണ്ട സ്ഥിതിയായി. തുടര്‍ന്നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.

Top