marriage fraud of one and half crore

കൊച്ചി : വിവാഹത്തട്ടിപ്പു നടത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിനി മേഘ ഭാര്‍ഗവി(27)നെയും കൂട്ടാളികളെയും കൊച്ചിയിലെത്തിച്ചു.

മേഘയ്ക്കു പുറമേ, സഹോദരി പ്രാചി ഭാര്‍ഗവ് (29), മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ദേവേശ് ശര്‍മ (32) എന്നിവരെ നോയിഡ പൊലീസിന്റെ സഹായത്തോടെ കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്.

വൈറ്റില പൊന്നുരുന്നിയില്‍ താമസക്കാരനായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിനെ വിവാഹം ചെയ്തു വഞ്ചിക്കുകയും 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. ഇതിനുശേഷം ഒരു വിവാഹം കൂടി ചെയ്തതായി മേഘ വെളിപ്പെടുത്തി. ഇതുള്‍പ്പെടെ അഞ്ചു വിവാഹത്തട്ടിപ്പിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം കുറച്ചുനാള്‍ കഴിയുകയും സ്വര്‍ണവും പണവും കൈക്കലാക്കി നാട്ടിലേക്കു പോകുകയുമായിരുന്നു മേഘയുടെ രീതിയെന്നു പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് അന്വേഷിച്ചു ചെല്ലുമ്പോള്‍ കുടുംബവുമായി മറ്റൊരു സംസ്ഥാനത്തേക്കു മുങ്ങുകയാണു ചെയ്തിരുന്നത്.

തട്ടിപ്പിനു കൂട്ടുനിന്നതിനാണു പ്രാചിയെയും ദേവേശിനെയും അറസ്റ്റ് ചെയ്തത്. വിവാഹം നടത്താന്‍ ഇടനിലക്കാരനായി നിന്ന മഹേന്ദ്ര ഗുണ്ടേല ജാമ്യത്തിലാണ്. പ്രത്യേക സമുദായത്തിലെ സംസാര വൈകല്യമോ, ശാരീരിക വൈകല്യമോ ഉള്ള യുവാക്കളെയാണു മേഘ ഇരയാക്കിയിരുന്നത്. ഈ വര്‍ഷമാദ്യമാണ് ലെനിനെ മതാചാര പ്രകാരം കലൂരിലെ ക്ഷേത്രത്തില്‍ വിവാഹം ചെയ്തത്. മഹേന്ദ്ര ഗുണ്ടേല വഴിയായിരുന്നു വിവാഹാലോചന.

വിവാഹത്തിനു മുന്‍പായി 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കൈപ്പറ്റി. 17 ദിവസം കൊച്ചിയില്‍ ഒപ്പം കഴിഞ്ഞശേഷം സഹോദരി പ്രാചിക്കൊപ്പം ഇന്‍ഡോറിലേക്കു പോയ മേഘ പിന്നീട് മടങ്ങിവന്നില്ല. ലെനിന്‍ അന്വേഷിച്ചെത്തിയപ്പോള്‍ സംസ്ഥാനം വിട്ടു പോകുകയായിരുന്നു.

ഛത്തീസ്ഗഡില്‍ 2012ല്‍ രാജേഷ് ഗോലേജ എന്നയാളെ വിവാഹം ചെയ്ത് 90 ലക്ഷം രൂപയും 2014ല്‍ ഗുജറാത്ത് സൂറത്തിലെ ഹേമന്ദ് കുമാറിനെ വിവാഹം ചെയ്ത് 13 ലക്ഷം രൂപയും 2015ല്‍ രാജസ്ഥാന്‍ ജോധ്പുരിലെ സന്ദേഷ് ചോപ്രയെ വിവാഹം ചെയ്ത് 15 ലക്ഷം രൂപയും തട്ടിയെടുത്തു. 10 ലക്ഷം രൂപ നഷ്ടപ്പെട്ട സൂറത്തിലെ അരുണ്‍കുമാര്‍ എന്നയാളാണ് ഒടുവിലത്തെ ഇര. കടവന്ത്ര സ്റ്റേഷനിലെ കേസില്‍ അന്വേഷണോദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഡിസിപി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ എം.കെ. സജീവ്, ടി. ഷാജി, സീനിയര്‍ സിപിഒ സുനില്‍കുമാര്‍, വനിതാ സിപിഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ നോയിഡയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. വിവാഹത്തട്ടിപ്പ്, സാമ്പത്തിക വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണു ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Top