അഞ്ചാം വിവാഹം; ഹരിപ്പാട് വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍

ഹരിപ്പാട്: അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍. കൊല്ലം മുഖത്തല സ്വദേശി കിളിത്തട്ടില്‍ ഖാലിദ് കുട്ടിയാണ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാട് വെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാവുന്നത്. കരീലക്കുളങ്ങരയിലെ യുവതിയുമായുള്ള വിവാഹം ബുധനാഴ്ച നടക്കാനിരിക്കുന്നതിനിടെയാണ് നാലാം ഭാര്യയായ തൃശൂര്‍ ചാവക്കാട് സ്വദേശി പൊലീസുമായി എത്തിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. അഞ്ചാം വിവാഹത്തിനാണ് ഇയാള്‍ ഒരുങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത ഖാലിദ്കുട്ടിയെ തൃശൂര്‍ വടക്കേക്കാട് പൊലീസിന് കൈമാറി.

വിവാഹസൈറ്റുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇരകളാക്കുക. ബിസിനസുകാരന്‍, ബ്രോക്കര്‍, ലോറി മുതലാളി തുടങ്ങിയ പല ജോലികളും മറ്റും പറഞ്ഞാണ് ഇയാള്‍ വിവാഹങ്ങള്‍ നടത്തിയിരുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ബിസിനസാണെന്ന് പറഞ്ഞാണ് ചാവക്കാട് സ്വദേശിയെ വിവാഹം കഴിച്ചത്. യുവതിയുടെ എട്ട് പവന്‍ ആഭരണവും 7,0000 രൂപയുമായി ഇയാള്‍ പിന്നീട് മുങ്ങി. ഇതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

മറ്റ് വിവാഹങ്ങളുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. കൊട്ടിയം സ്വദേശിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് പെരിന്തല്‍മണ്ണ്, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചു. കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് അഞ്ചാം വിവാഹത്തിന് ഇയാള്‍ ഒരുങ്ങിയത്.

Top