ലോക്കോ പൈലറ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ്; പ്രതി പിടിയില്‍

കണ്ണൂര്‍: ലോക്കോ പൈലറ്റ് ചമഞ്ഞ് വിവാഹത്തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യു (56) വിനെയാണ് പഴയങ്ങാടി എസ്‌ഐ ഇ.ജയചന്ദ്രന്‍ കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളില്‍ റജിസ്റ്റര്‍ ചെയ്ത് വിവാഹം കഴിയ്ക്കുന്നതാണ് ഇയാളുടെ പണി. ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തുന്നത്.

പഴയങ്ങാടി കുളവയലിന് സമീപമുള്ള സ്ത്രീയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇതിനിടെ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ടു. ഇവരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് ശ്രീജന്‍ പൊലീസിന്റെ പിടിയിലായത്.

Top