എല്ലാം അപ്രതീക്ഷിതം; ട്രെയിനിലെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ ശ്രീ ശ്രീ രവിശങ്കര്‍

marriage

ന്യൂഡല്‍ഹി: എല്ലാം അപ്രതീക്ഷിതം….സ്വപ്നം പോലെ മാംഗല്യം..വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചതോ സാക്ഷാല്‍ ശ്രീ ശ്രീ രവിശങ്കറും. എല്ലാം കൂടിയായപ്പോള്‍ വിവാഹം കെങ്കേമം. ഫാര്‍മസിസ്റ്റായ സച്ചിന്‍ കുമാറിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ ജ്യോത്സ്‌ന സിങ് ജീവിതയാത്ര ആരംഭിച്ചത് ഗോരഖ്പൂര്‍ സ്‌പെഷ്യല്‍ ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു. ഗോരഖ്പൂരിനും ലഖ്‌നൗവിനും ഇടയിലെവിടെയോ വച്ചായിരുന്നു അവരുടെ വിവാഹം നടന്നത്. ആ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും.

ലളിതമായ വിവാഹത്തിന്റെ ഉദാത്തമാതൃകയെന്നാണ് ചടങ്ങിനെ ശ്രീ ശ്രീ രവിശങ്കര്‍ വിശേഷിപ്പിച്ചത്. ലോണെടുത്തും കടംവാങ്ങിയും ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹങ്ങളല്ല, ഇങ്ങനെയുള്ള ലളിതമായ ചടങ്ങുകളാണ് നടക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ജീവനകല പര്യടനത്തിന് പോകുന്ന വഴിയാണ് ശ്രീ ശ്രീ രവിശങ്കര്‍ വിവാഹത്തിന് കാര്‍മ്മികനായത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു വിവാഹം ആദ്യമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അഭിപ്രായപ്പെട്ടത്

സച്ചിനും ജ്യോത്സ്‌നയും തമ്മിലുള്ള വിവാഹം ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, ലളിതമായിരിക്കണം ചടങ്ങുകള്‍ എന്ന ആഗ്രഹവും ശ്രീ ശ്രീയുമായുള്ള കണ്ടുമുട്ടലും കൂടിയായപ്പോള്‍ വിവാഹം ട്രെയിനില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം.

Top