ആണവകരാര്‍ പിന്മാറ്റം : ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി

മുംബൈ: അസംസ്‌കൃത എണ്ണവിലയുടെ വര്‍ധനവും ഇറാന്‍ ആണവ കരാറില്‍നിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനം സൃഷ്ടിച്ച ഭീതിയും ആഭ്യന്തര സൂചികകള്‍ക്കു വ്യാപാര ആരംഭത്തില്‍ തിരിച്ചടിയായി.

സെന്‍സെക്‌സ് തിരിച്ചു വരവു നടത്തി 25 പോയിന്റ് നേട്ടത്തില്‍ 35,243 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6 പോയിന്റ് ഉയര്‍ന്ന് 10,723 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിങ്, ഫിനാന്‍സ്, എനര്‍ജി തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ വില്‍പന സമ്മര്‍ദത്തിലാണ്. എന്നാല്‍ ഐടി, മെറ്റല്‍ സ്റ്റോക്കുകള്‍ നേട്ടത്തിലാണ്.

ഓട്ടോ, ഫിനാന്‍സ്, എനര്‍ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പെടെയുള്ള മിക്ക സെക്ടറുകളും നഷ്ടത്തിലാണ്. ടൈറ്റന്‍ കമ്പനി, ഭാരതി ഇന്‍ഫ്രാടെല്‍, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ടിസിഎസ് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.

ബിപിസിഎല്‍, എച്ച്പിസിഎല്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി, എംആന്‍ഡ്എം എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിടുന്ന ഓഹരികള്‍.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനു മേല്‍ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. യു.എസ്, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി, എന്നീ രാജ്യങ്ങളുമായി 2015ലാണ് ഇറാന്‍ ആണവകരാറില്‍ ഒപ്പുവെച്ചത്.

Top