ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ‘സാന്‍ട്രോ’യ്ക്ക് ബുക്കിങ് പതിനയ്യായിരത്തോളം

santro

വിപണിയില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള പുതിയ ചെറുകാറായ ‘സാന്‍ട്രോ’യ്ക്ക് ഇതുവരെയുള്ള ബുക്കിങ് പതിനയ്യായിരത്തോളമെത്തി.

ചൊവ്വാഴ്ച അരങ്ങേറ്റത്തിനൊരുങ്ങുന്ന പുത്തന്‍ ‘സാന്‍ട്രോ’യ്ക്കുള്ള ബുക്കിങ്ങുകള്‍ കഴിഞ്ഞ എട്ടിന് ഹ്യുണ്ടായ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ആദ്യ അര ലക്ഷം കാറുകള്‍ക്ക് പ്രത്യേക വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ ‘സാന്‍ട്രോ’യെക്കുറിച്ചുള്ള പല വിശദാംശങ്ങളും പുറത്തുവിട്ടെങ്കിലും ഹ്യുണ്ടായ് വില സംബന്ധിച്ച് മൗനം തുടരുകയാണ്. എങ്കിലും അടിസ്ഥാന മോഡലിന് 3.87 ലക്ഷം രൂപയായിരിക്കും വില. ഏറ്റവും മുന്തിയ വകഭേദത്തിനു പ്രതീക്ഷിക്കുന്ന വിലയാവട്ടെ 5.35 ലക്ഷം രൂപയോളവും. ചില വിപണികളില്‍ ‘സാന്‍ട്രോ’യുടെ സി എന്‍ ജി പതിപ്പും ആദ്യഘട്ടത്തില്‍ തന്നെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായ്ക്കു പദ്ധതിയുണ്ട്.

കാറിനു കരുത്തേകുക 1.1 ലീറ്റര്‍, നാലു സിലിണ്ടര്‍, പെട്രോള്‍ എന്‍ജിനാവും; 69 പി എസ് വരെ കരുത്തും 99 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിന് സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ധനം സി എന്‍ ജിയാവുന്നതോടെ പരമാവധി കരുത്ത് 57 ബി എച്ച് പിയായും ടോര്‍ക്ക് 77 എന്‍ എമ്മായും താഴും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സിനു പുറമെ പുത്തന്‍ ‘സാന്‍ട്രോ’യിലൂടെ ഇതാദ്യമായി ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷ(എ എം ടി)നും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Top