അഞ്ചാം ദിവസവും തകര്‍ന്ന് വിപണി; നിഫ്റ്റി 14,600ന് താഴെ ക്ലോസ്‌ ചെയ്തു

മുംബൈ: അഞ്ചാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ ചെയ്തു. സെൻസെക്‌സ് 585.10 പോയന്റ് താഴ്ന്ന് 49,216.52ലും നിഫ്റ്റി 163.40 പോയന്റ് നഷ്ടത്തിൽ 14,557.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചതിനെതുടർന്ന് സൂചികകൾ ഏറെസമയം നേട്ടത്തിലായിരുന്നു. അവസാന മണിക്കൂറിലാണ് കനത്ത വില്പന സമ്മർദം വിപണിയിൽ രൂപപ്പെട്ടത്.

യുഎസ് ട്രഷറി ആദായം 1.7 ശതമാനത്തിലേയ്ക്ക് ഉയർന്നത് ആഗോളതലത്തിൽ വിപണിയെ ബാധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 100 ദിവസത്തെ ഉയർന്ന പ്രതിദിന നിരക്കിലായതും നിക്ഷേപകരെ സമ്മർദത്തിലാക്കി. ഉയർന്ന നിലവാരത്തിലുള്ള ഓഹരികൾ വിറ്റ് ലാഭമെടുക്കാനുള്ള പ്രേരണയുമായി അത്.

എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഐടിസി, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഗ്രാസിം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.

ബിഎസ്ഇയിലെ 819 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2114 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. ഐടി സൂചിക മൂന്നുശതമാനം നഷ്ടമുണ്ടാക്കി. ഫാർമ രണ്ടുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നഷ്ടത്തിലായി.

 

Top