അദാനി ഓഹരികള്‍ക്ക് നേട്ടം; കൂടുതല്‍ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ്

ഡൽഹി: ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും തമ്മിലുള്ള പോര് തുടരുന്നു. ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചു എന്ന ആരോപണത്തിന് അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണത്തിന് ഹിൻഡൻബർഗ് മറുപടി നൽകി. അതിനിടെ രണ്ടുദിവസം കനത്ത നഷ്ടം നേരിട്ട ഓഹരിവിപണിയിൽ ഇന്ന് മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ട അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ് എന്നിവ നേട്ടം ഉണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തിൽ അദാനി എന്റർപ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് മറുപടിയായി ഹിൻഡൻബർഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നൽകിയിട്ടില്ലെന്നും ഹിൻഡൻബെർഗ് കുറ്റപ്പെടുത്തുന്നു.

413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണ്.’അദാനി ഗ്രൂപ്പ് അതിന്റെ വളർച്ചയും ചെയർമാനായ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയവുമായി കൂട്ടിയിണക്കാൻ ശ്രമിച്ചു. ഞങ്ങൾ വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആവേശകരമായ ഭാവിയുമായി ഉയർന്നുവരുന്ന സൂപ്പർ പവർ. എന്നാൽ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യൻ പതാകയിൽ മറഞ്ഞിരുന്നു അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നു.’ – ഹിൻഡൻബർഗിന്റ മറുപടി ഇങ്ങനെ.

അതിനിടെ, ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്ന സമയം സംശയം ജനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗ് പറഞ്ഞു. ഫോളോ ഓൺ പബ്ലിക് ഓഫറിനിടെയാണ് റിപ്പോർട്ട് വന്നത്. ഇത് 20000 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top