Markandey Katju tenders unconditional apology to Supreme Court

ന്യൂഡല്‍ഹി: സൗമ്യവധക്കേസ് വിധിയില്‍ ജഡ്ജിമാരെ വിമര്‍ശിച്ചതിന് ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു.

വിധിയെ ചോദ്യം ചെയ്തതിനാണ് കട്ജു നിരുപാധികം മാപ്പപേക്ഷിച്ചത്. മാപ്പുപറഞ്ഞതോടെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.

സുപ്രിംകോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം എന്ന കട്ജുവിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ജഡ്ജിമാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കട്ജു നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.

കോടതിയോട് പൂര്‍ണ്ണ ബഹുമാനം ആണെന്നും ജഡ്ജിമാര്‍ക്ക് എതിരായ വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ബ്ലോഗുകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നീക്കിയതായും കട്ജു കോടതിയെ അറിയിച്ചിരുന്നു.

സൗമ്യ വധക്കേസ് വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് എതിരെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിയെയാണ് കട്ജു വിമര്‍ശിച്ചത്. വിധിയില്‍ തെറ്റുണ്ടെന്നും ജഡ്ജിമാര്‍ക്ക് തെറ്റുപറ്റിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കട്ജു വിമര്‍ശിച്ചിരുന്നു.

Top