സക്കര്‍ബര്‍ഗിന്റെ വിശദീകരണം മതിയാവില്ല , പണി പുറകേ വരുന്നുണ്ടെന്ന് !

zuckerberg

ഏഴു മണിക്കൂര്‍ നേരത്തെ ഫെയ്സ്ബുക്കിന്റെ നിശ്ചലാവസ്ഥയില്‍ കമ്പനിക്കു വന്ന നഷ്ടമല്ല, മറിച്ച് തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് പ്രിയമുള്ളവരോട് ഇടപെടുന്നവര്‍ക്ക്, ബിസിനസുകള്‍ നടത്തുന്നവര്‍ക്ക്, തങ്ങളുടെ സമൂഹങ്ങളെ യോജിപ്പിച്ചു നിര്‍ത്തുന്നവര്‍ക്കും എന്തു ക്ഷീണമാണ് ഉണ്ടാക്കിയത് എന്നാണ് അന്വേഷിക്കേണ്ടതെന്നായിരുന്നു മാര്‍ക് സക്കര്‍ബര്‍ഗിന്റെ നിര്‍ദേശം.

കൂടാതെ, കമ്പനിയുടെ സേവനങ്ങളെ എത്രയധികം പേര്‍ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്നും ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങി കമ്പനികളുടെ മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയിലെ ജീവനക്കാര്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പ് പിന്നെ ഫെയ്‌സ്ബുക് വഴി പുറത്തുവിടുകയായിരുന്നു.

സമീപകാലത്തായി രണ്ട് വന്‍ ആരോപണങ്ങളാണ് ഫെയ്സ്ബുക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ കമ്പനിക്കുള്ളില്‍ നിന്നു സംഘടിപ്പിച്ചു പുറത്തുവിട്ട രേഖകളും, വിസില്‍ ബ്ലോവറായ ഫ്രാന്‍സെസ് ഹോഗന്‍ അമേരിക്കന്‍ സെനറ്റ് പാനലിനു മുന്നില്‍ നടത്തിയ ആരോപണങ്ങളുമാണിത്. ഫെയ്സ്ബുക് ലാഭത്തിനായി ഉപയോക്താക്കളുടെ സുരക്ഷയെ പോലും ബലികഴിക്കുന്നു എന്നതാണ് ഫ്രാന്‍സെസിന്റെ പ്രധാന വാദം. ഇത് സത്യമല്ലെന്നാണ് സക്കര്‍ബര്‍ഗ് വാദിക്കുന്നത്. ജനങ്ങളെ രോഷാകുലരാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച് അതുവഴി കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നത് യുക്തിപരമായ വാദമല്ലെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്സ്ബുക്കിനായി ജോലിയെടുക്കുന്നവര്‍ക്ക് പുതിയ ആരോപണങ്ങള്‍ വിശ്വസിക്കുക എന്നത് എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് ആദ്ദേഹം പറയുന്നു. നമ്മള്‍ ഉപയോക്താക്കളുടെ സുരക്ഷ, ക്ഷേമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെ ഗൗരവത്തിലെടുക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കാനുളള ശ്രമമാണ് നടക്കുന്നത്. കമ്പനിയെ കുറിച്ചുള്ള തെറ്റായ ചിത്രം കമ്പനിക്കുള്ളിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു.

നമ്മള്‍ പരസ്യത്തില്‍ നിന്നാണ് വരുമാനം ഉണ്ടാക്കുന്നത്. നമുക്കു പരസ്യംതരുന്നവര്‍ തറപ്പിച്ചു പറയുന്ന കാര്യം അവരുടെ പരസ്യങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന കണ്ടെന്റിനൊപ്പം പ്രദര്‍ശിപ്പിക്കരുതെന്നാണ്. ഒരു ടെക്നോളജി കമ്പനി അതിനു മുതിരില്ലെന്നും അതിന്റെ എതിര്‍ ദിശയിലായിരിക്കും നീങ്ങുക എന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളാണ് അമേരിക്കന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നതെങ്കില്‍ എന്തു കൊണ്ടാണ് അത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. വൈറല്‍ വിഡിയോകളുടെ പ്രചാരം കുറച്ച്, കൂട്ടുകാരും കുടുംബാംഗങ്ങളും തമ്മിലുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ പാകത്തിന് അടുത്തിടെ ക്രമീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, തങ്ങളുടെ മെസഞ്ചര്‍ കിഡ്സ് മറ്റ് എല്ലാ ആപ്പുകളെക്കാളും മികച്ചതാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. കുട്ടികള്‍ കാണുന്നത് എന്താണെന്നറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോലും പാരന്റല്‍ കണ്ട്രോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഈ ഫെയ്സ്ബുക് കുറിപ്പുകൊണ്ട് സക്കര്‍ബര്‍ഗിന് തലയൂരാന്‍ കഴിഞ്ഞേക്കില്ലെന്നാണ് യുഎസ്എ ടുഡേ പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വിളിച്ചുവരുത്തിയേക്കും. സക്കര്‍ബര്‍ഗിനെതിരെയുള്ള കോണ്‍ഗ്രസ് പാനലിന്റെ മേധാവി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്. സക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ മൊഴിയെടുക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

സക്കര്‍ബര്‍ഗ് ഇന്ന് കണ്ണാടിയില്‍ നോക്കണം. നടന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മേധാവിയെ പോലെ പെരുമാറുന്നതിനു പകരം അദ്ദേഹമിന്ന് സെയിലിങ്ങിനു പോയിരിക്കുകയാണെന്നും റിച്ചഡ് ബ്ലുമെന്താള്‍ പറയുന്നു. ഒരു ക്ഷമാപണം നടത്തുകയോ, തെറ്റ് സംഭവിച്ചെന്ന് സമ്മതിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രീതിയല്ലെന്നും ബ്ലുമെന്താള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Top