മാര്‍ക്ക് ലിസ്റ്റ് വിവാദം; ആര്‍ഷോയുടെ പരാതിയില്‍ അതിവേഗ അന്വേഷണവുമായി പോലീസ്

കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ അതിവേഗ അന്വേഷണവുമായി പോലീസ്. എന്‍.ഐ.സിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി. മാര്‍ക്ക് ലിസ്റ്റില്‍ ഉണ്ടായത് സാങ്കേതിക പിഴവാണോ അതോ ഗൂഢാലോചനയാണോ എന്ന് കണ്ടെത്താനാണ് എന്‍.ഐ.സിയിലെത്തി അന്വേഷണസംഘം പരിശോധന നടത്തിയത്.

മഹാരാജാസ് കോളേജിലാണ് മാര്‍ക്ക് ലിസ്റ്റിന്റെ ഡാറ്റാ എന്‍ട്രി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി മൂന്ന് ജീവനക്കാരും ഇവിടെയുണ്ട്. ഇവര്‍ എന്‍ട്രി ചെയ്യുന്ന ഡാറ്റയുടെ തുടര്‍നടപടികളെല്ലാം നടക്കുന്നത് എന്‍ഐസിയിലാണ്. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടകാര്യങ്ങളും എന്‍ഐസിയുടെ ഓഫീസിലാണെന്നാണ് പോലീസിന്റെ പരിശോധനയില്‍ വ്യക്തമായി.

മാര്‍ക്ക് ലിസ്റ്റില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജിന്റെ വിശദീകരണം. സാങ്കേതിക പിഴവുണ്ടായിട്ടുണ്ടെങ്കില്‍ അത് ഡാറ്റ എന്‍ട്രി പോയന്റിലായിരിക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടാണ് എന്‍.ഐ.സിയില്‍നിന്ന് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പരിശോധന നടത്തിയത്. വരുംദിവസത്തില്‍ കോളേജില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

കോളേജിന്റെ സിസിടിവി ദൃശ്യം ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ആറിനാണ് ആര്‍ഷോയ്‌ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും മുന്‍ എസ്എഫ്‌ഐ നേതാവായ വിദ്യയ്‌ക്കെതിരായ വ്യാജ രേഖ ആരോപണവും ഉയര്‍ന്നുവന്നത്. ആ ഘട്ടത്തില്‍ കോളേജ് പ്രിന്‍സിപ്പിലിന്റെ ഓഫീസില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാകാനാണ് സിസിടിവി ദൃശ്യം ആവശ്യപ്പെട്ടത്.

Top