മാര്‍ക്ക് ജിഹാദ്; വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ള പരാമര്‍ശമെന്ന് ആര്‍ ബിന്ദു

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് അണെന്ന ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറുടെ പരാമര്‍ശം വിഭ്യാഭ്യാസ മേഖലയെ അടച്ചാക്ഷേപിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.

വിഷലിപ്തമായ പ്രസ്താവനയാണ് അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയത്. വിഷയത്തില്‍ കേരളം കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഗീയമായ വിഭജിക്കുക എന്നത് മാത്രമാണ് വിവാദ പരാമര്‍ശത്തിന് പിന്നില്‍. ഇത് ബോധപൂർവ്വമുള്ള പരാമര്‍ശമാണ്. ഇടത് പക്ഷ വീക്ഷണത്തോടുള്ള എതിര്‍പ്പാണ് അധ്യാപകന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കൈപ്പിടിയിലാക്കാന്‍ കേരളത്തില്‍ നിന്നും മാര്‍ക് ജിഹാദ് നടക്കുന്നുണ്ടെന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണം.

ഇടതുപക്ഷ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികള്‍ക്കും ആവശ്യത്തിലധികം മാര്‍ക്ക് നല്‍കി ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാര്‍ പാണ്ഡെ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

 

Top