രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയതിന്റെ കാരണം വ്യക്തമാക്കി മാര്‍ക് ബൗച്ചര്‍

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായത്. അഞ്ച് ഐപിഎല്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്ക് മുംബൈ ഇന്ത്യസിനെ നയിച്ച ഹിറ്റ്മാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയത് ആരാധകര്‍ക്ക് അംഗീകരിക്കാനായിരുന്നില്ല.

അപ്രതീക്ഷിതമായാണ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിക്കുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിക്കുന്നത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ടീമിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വര്‍ഷമായി രോഹിത് ശര്‍മ്മയാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ നേടിയ അഞ്ച് കിരീടങ്ങളും ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. പ്രഖ്യാപനമെത്തി വെറും ഒരു മണിക്കൂറിനുള്ളില്‍ നാല് ലക്ഷം ആരാധകരെ മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.ഒരു വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും രോഹിത് ശര്‍മ്മയുടെ ഏറ്റവും മികച്ച ‘വേര്‍ഷന്‍’ കൊണ്ടുവരാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ബൗച്ചര്‍ പറഞ്ഞു. ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിഞ്ഞ് നല്ല റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനെ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ച്.

‘അത് തികച്ചും ക്രിക്കറ്റിന്റെ തീരുമാനമായിരുന്നു. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നത് ഞങ്ങള്‍ കണ്ടിരുന്നു. ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം ഇത് മാറ്റങ്ങളുടെ കാലഘട്ടമാണ്. ഇത് പലര്‍ക്കും മനസ്സിലാവുന്നില്ല. എല്ലാം വൈകാരികതയോടെ സ്വീകരിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഈ വൈകാരികത മാറ്റിവെച്ച് ടീമിന്റെ തീരുമാനത്തെ കാണാന്‍ ശ്രമിക്കണം’, ബൗച്ചര്‍ പറയുന്നു.ഇപ്പോള്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ പരിശീലകന്‍ മാര്‍ക് ബൗച്ചര്‍. സംഭവത്തില്‍ പ്രതികരണമറിയിച്ച് ആദ്യമായാണ് കോച്ച് രംഗത്തെത്തുന്നത്.

Top