മറിയം നവാസ് കസ്റ്റഡിയില്‍ : അറസ്റ്റ് നവാസ് ഷെരീഫിനെ സന്ദര്‍ശിച്ച് മടങ്ങവെ . . .

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസിനെ പാക്കിസ്ഥാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കസ്റ്റഡിയിലെടുത്തു. ഏഴു വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട നവാസ് ഷെരീഫിനെ കോട്ട് ലഖ്പത് ജയിലില്‍ എത്തി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മറിയം നവാസ് അറസ്റ്റിലായത്.

ചൗധരി പഞ്ചസാര മില്‍ കേസുമായി ബന്ധപ്പെട്ടാണ് മറിയം, അടുത്ത ബന്ധു യൂസഫ് അബ്ബാസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് എന്‍.എ.ബി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു. എന്‍.എ.ബി ചെയര്‍മാന്റെ നിര്‍ദേശപ്രകാരം രണ്ട് തടവുകാരെയും ഡോക്ടര്‍മാരുടെ സംഘം വൈദ്യപരിശോധനക്ക് വിധേയമാക്കും. മറിയത്തെയും അബ്ബാസിനേയും റിമാന്‍ഡില്‍ വിട്ടു കിട്ടാനായി നാളെ ലാഹോറിലെ അക്കൗണ്ടബിലിറ്റി കോടതിയില്‍ ഹാജരാക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കേസില്‍ മറിയം ഇന്ന് എന്‍.എ.ബിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ബ്യൂറോയ്ക്ക് മുന്നില്‍ ഹാജരാകാതെ പകരം ജയിലില്‍ നവാസ് ഷെരീഫിനെ കാണാന്‍ പോവുകയായിരുന്നു. ബ്യൂറോയുടെ മുമ്പാകെ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മറിയത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

ചൗധരി പഞ്ചസാര മില്‍ ഉടമസ്ഥരായ മറിയവും ബന്ധുക്കളും കള്ളപ്പണം വെളുപ്പിച്ചതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന കേസിലാണ് അറസ്റ്റ്. പ്രമാദമായ അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്മെന്റ്സ് കേസിന്റെ വിചാരണവേളയില്‍ വ്യാജരേഖ ഹാജരാക്കിയെന്ന മറ്റൊരു ഹര്‍ജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഈ കേസ് കൂടി മറിയത്തിന് മേല്‍ ചുമത്തിയത്. 2018 അഴിമതിക്കേസില്‍ അറസ്റ്റിലായ നവാസ് ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയിലിലാണ്.

Top