മരിയോപോൾ വീഴ്ത്തിയും സാത്താൻ ‘പ്രയോഗിച്ചും’ ലോകത്തെ വിറപ്പിച്ച് റഷ്യ

മോസ്‌കോ: യുക്രെയിന്റെ ചങ്ക് തകർത്ത് യുദ്ധമുഖത്ത് നിർണ്ണായക വിജയം നേടി റഷ്യ. തുറമുഖ നഗരമായ മരിയോപോളാണ് റഷ്യ കീഴടക്കിയിരിക്കുന്നത്. ഇതോടെ ‘കളം’ റഷ്യയുടെ കയ്യിൽ എത്തിയിരിക്കുകയാണ്. പ്രതിരോധമന്ത്രി സെർഗെയ് ഷോയിഗു ആണ് സൈനും നേടിയ നിർണ്ണായക ജയം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ അറിയിച്ചിരിക്കുന്നത്.

വിവരം അറിഞ്ഞ പുടിൻ അസോവ്‌സ്‌റ്റെൽ സ്റ്റീൽ പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്ന ഒറ്റ യുക്രയിൻ സൈനികനും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് റഷ്യൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മരിയോപോൾ കീഴടക്കിയത് റഷ്യയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ഇത് യുക്രെയിൻ ഭരണകൂടത്തിനു മാത്രമല്ല, അവർക്ക് പണവും ആയുധവും നൽകി സഹായിക്കുന്ന അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമുള്ള വലിയ തിരിച്ചടികൂടിയാണ്.

സ്റ്റീൽ പ്ലാന്റിൽ 3000-ത്തോളം യുക്രെയിൻ സൈനികരാണ് പെട്ടു പോയിരിക്കുന്നത്. പ്ലാന്റിലെ ഭൂഗർഭ ടണലുകളിലാണ് അവർ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കീഴടങ്ങാനുള്ള റഷ്യൻ അന്ത്യശാസനം തള്ളി പോരാടിയതിനാൽ ഈ യുക്രെയിൻ സൈനികരെ റഷ്യൻ സേന വധിക്കാനുള്ള സാഹചര്യവും കൂടുതലാണ്.

“പ്രദേശം മുഴുവൻ നിയന്ത്രണത്തിലാക്കണമെന്നും, അവിടെനിന്ന് ഒരു ഈച്ചപോലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നുമാണ് ” പുടിൻ റഷ്യൻ സൈന്യത്തിനു നൽകിയിരിക്കുന്ന നിർദ്ദേശം.

റഷ്യൻ ആക്രമണത്തിൽ പതിനായിരക്കണക്കിനു ആളുകളാണ് മരിയോപോളിൽ മാത്രം കൊല്ലപ്പെട്ടതെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ആക്രമണം തുടങ്ങിയതുമുതൽ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ, വലിയ ദുരിതമാണ് അവിടുത്തെ ജനങ്ങൾ അനുഭവിച്ചിരുന്നത്.യുക്രെയിൻ പ്രസിഡന്റിൻ്റെ പിടിവാശിയാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്നാണ് റഷ്യ ആരോപിക്കുന്നത്.

അതേസമയം, യുക്രെയിന്റെ കാര്യത്തിൽ ഇടപെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകത്തിലെ ഏറ്റവും നശീകരണ ശേഷിയുള്ള ആയുധത്തിൻ്റെ പരീക്ഷണവും റഷ്യ ഇപ്പോൾ നടത്തിയിരിക്കുകയാണ്.ഭൂഖണ്ഡാന്തര മിസൈൽ ആർഎസ് – 28 സർമാറ്റാണ് റഷ്യ പരീക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്നാണ് മിസൈൽ പരീക്ഷണ വിജയത്തെ പുടിൻ വിശേഷിപ്പിച്ചിരിക്കുന്നത്.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയുടെ അപ്രതീക്ഷിതമായ മിസൈൽ പരീക്ഷണത്തെ ലോക രാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയായ പ്ലെസെറ്റെസ്ക് നിന്നാണ് മിസൈൽ പരീക്ഷിച്ചിരിക്കുന്നത്. ദീർഘകാലമായി വികസനഘട്ടത്തിലുണ്ടായിരുന്ന മിസൈൽ പരീക്ഷണം. 6000 കിലോ മീറ്റർ അപ്പുറത്തുള്ള റഷ്യയിലെ കംചത്കിലെ ലക്ഷ്യ സ്ഥാനത്ത് മിസൈൽ കൃത്യമായി പതിച്ചതായി പുടിൻ വെളിപ്പെടുത്തിയിട്ടുണ്ട്.

സാത്താൻ 2 എന്നാണ് നാറ്റോ ആർഎസ് -28 സർമാറ്റിന് റഷ്യ നൽകിയിരിക്കുന്ന പേര്. റഷ്യയുടെ പക്കലുള്ള ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര മിസൈലാണിത്. അമേരിക്ക പോലും റഷ്യയെ പ്രധാനമായും ഭയക്കുന്നത് ഈ ആയുധം അവരുടെ കൈവശമുള്ളതു കൊണ്ടാണ്.

2018ലാണ് ‘സാത്താനെ’ റഷ്യ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോൾ പരീക്ഷിച്ച മിസൈലിന് ഏത് പ്രതിരോധ സംവിധാനവും തകർക്കാൻ ശേഷിയുണ്ട്. പത്തോ അതിൽ കൂടുതലോ പോർമുനകൾ ഓരോ മിസൈലിലും ഉൾപ്പെടുത്താനാകും. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകർക്കാൻ ശേഷിയുള്ള മിസൈൽ എന്ന പുടിൻ്റെ മുന്നറിയിപ്പിൽ നടുങ്ങിയിരിക്കുകയാണ് ഇപ്പോൾ നാറ്റോ സഖ്യം.

ഇനിയും റഷ്യയെ പ്രകോപിപ്പിച്ചാൽ വൻ പ്രത്യാഘാതം ലോകത്തുണ്ടാകുമെന്നാണ്, നയതന്ത്ര വിദഗ്ദരും മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

Top