ഇന്ത്യയെ പ്രശംസിച്ച് ഇമ്രാന്‍ ഖാന്‍, എന്നാല്‍ ഇന്ത്യയിലേക്ക് പൊയ്‌ക്കോളൂ എന്ന് മറിയം നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പ്രശംസിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്തെത്തി. ഇമ്രാന്‍ ഖാന് ഇന്ത്യ അത്രയധികം ഇഷ്ടമാണെങ്കില്‍ അദ്ദേഹം ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍കൂടിയായ മറിയം നവാസ് ഷെരീഫ് പറഞ്ഞു. അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ഇമ്രാന്‍ ഖാന് ഭ്രാന്തായെന്നും അവര്‍ കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്കുമേല്‍ പ്രശംസ ചൊരിഞ്ഞത്. താന്‍ ഇന്ത്യാ വിരുദ്ധനല്ലെന്ന് അവകാശപ്പെട്ട ഇമ്രാന്‍ ഖാന്‍ പല കാര്യങ്ങളിലും ഇന്ത്യയെ മാതൃകയാക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി നിലപാട് മാറ്റിക്കാന്‍ ഒരു വന്‍ ശക്തിക്കും കഴിയില്ല. ഉപരോധങ്ങള്‍ കണക്കിലെടുക്കാതെ റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുകയാണ്. ഇന്ത്യയ്ക്കുമേല്‍ ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താനാകില്ല. പരമാധികാര രാഷ്ട്രമായതിനാലാണ് ഇന്ത്യയ്ക്ക് അത് സാധ്യമാകുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നേരിടുന്നതിന് മുന്നോട്ടിയായാണ് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. കടുത്ത അനിശ്ചിതാവസ്ഥ നേരിടുന്ന ഇമ്രാന്‍ ഖാന്‍ നേരത്തെ ഇന്ത്യയുടെ വിദേശ നയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളെ കേന്ദ്രീകരിച്ചാണ് രാജ്യത്തിന്റെ വിദേശ നയമെന്നും അതിനെ സ്വാധീനിക്കാന്‍ മാറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top