മാർഗരറ്റ് ആൽവ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും

ന്യൂഡല്‍ഹി: മുന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. മുന്‍ കേന്ദ്രമന്ത്രി കൂടിയായ മാര്‍ഗരറ്റ് ആല്‍വ രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അജണ്ടയുടെ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് യോഗം വിളിച്ചതെന്ന് നേരത്തെ തന്നെ പ്രതിപക്ഷ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍, സി പി ഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ എന്‍ ഡി എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ബി ജെ പി ആസ്ഥാനത്ത് യോഗം ചേര്‍ന്ന പാര്‍ലമെന്ററി പാനലാണ് ജഗ്ദീപ് ധന്‍ഖറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവായ ജഗ്ദീപ് ധന്‍ഖറിന് 2023-ലും 2024-ലും തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളെ സ്വാധീനിക്കാന്‍ കഴിയും. ഇത് മുന്നില്‍ കണ്ടായിരുന്നു ബി ജെ പിയുടെ പ്രഖ്യാപനം.

രാജ്യത്തിന്റെ 16-ാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 6-ന് നടക്കും. അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10-നാണ് അവസാനിക്കുന്നത്.

ആഗസ്ത് 11 നാണ് പുതിയ ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂലൈ 19 ആണ്. അതേസമയം നാളെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ദ്രൗപതി മുര്‍മുവാണ് എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. യശ്വന്ത് സിന്‍ഹയാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

Top