തൃണമൂല്‍ കോൺഗ്രസിന്റെ നിലപാട് നിരാശാജനകമാണെന്ന് മാര്‍ഗരറ്റ് ആല്‍വ

ഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. ട്വിറ്ററിലൂടെയാണ് അവർ പ്രതികരിച്ചത്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം നിരാശാജനകമാണ്. ആരോപണപ്രത്യാരോപണങ്ങള്‍ക്കോ അഹംഭാവത്തിനോ അമര്‍ഷത്തിനോ ഉള്ള സമയം അല്ല ഇത്. നിര്‍ഭയത്വത്തിനും നേതൃത്വത്തിനും ഒത്തൊരുമയ്ക്കുമുള്ള സമയം ആണിത്. ധീരതയുടെ ഏറ്റവും നല്ല ഉദാഹരണമായ മമത, പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.

 

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റിനെ നിശ്ചയിക്കുന്നതിന് മുന്‍പ് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Top