പരിക്കേറ്റ ലിസാന്‍ഡ്രോയെ തോളിലേറ്റി അക്യൂനയും മോന്റീലും; കയ്യടി നേടി അര്‍ജന്റൈന്‍ ഒത്തൊരുമ

മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗില്‍ സെവിയ്യക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. മാര്‍സെല്‍ സബിറ്റ്‌സറുടെ ഇരട്ടഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 14, 21 മിനിറ്റുകളിലായിരുന്നു സബിറ്റ്‌സറുടെ ഗോളുകള്‍.

എന്നാല്‍ 84, 92 മിനിറ്റുകളില്‍ വഴങ്ങിയ സെല്‍ഫ് ഗോളുകളില്‍ യുണൈറ്റഡിന് സമനില വഴങ്ങേണ്ടിവന്നു. മാത്രമല്ല, യുണൈറ്റിഡന് രണ്ടാംപാദ മത്സരത്തില്‍ താരങ്ങളുടെ പരിക്ക് തിരിച്ചടിയാകും. പ്രതിരോധ താരങ്ങളായ റാഫേല്‍ വരാനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ സെവിയ്യക്കെതിരെ പരിക്കേറ്റ് പുറത്തായി. ഇരുവര്‍ക്കും രണ്ടാംപാദമത്സരത്തില്‍ കളിക്കാനാകില്ല. അര്‍ജന്റൈന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കോച്ച് എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയത്.

സെവിയ്യ ടീമില്‍ നാല് അര്‍ജന്റീന താരങ്ങളാണ് ആദ്യ ഇലവനിലുണ്ടായിരുന്നത്. ലൂകാസ് ഒകാംപോസ്, എറിക് ലമേല, മാര്‍കോസ് അക്യൂന, ഗോണ്‍സാലോ മോന്റീല്‍ എന്നിവരായിരുന്നു ടീമിലെ അര്‍ജന്റീനക്കര്‍. മറ്റൊരു അര്‍ജന്റൈന്‍ താരമായ ലിസാന്‍ഡ്രോ വീണപ്പോള്‍ അക്യൂന, മോന്റീല്‍ എന്നിവരുടെ തോളിലേറിയാണ് പുറത്തേക്ക് പോയത്. ഒകാംപോസ് കൂടെയുണ്ടായിരുന്നു. താരത്തെ സ്ട്രച്ചറില്‍ കൊണ്ടുപോകാന്‍ സഹായിച്ചതും ഇവര്‍ തന്നെ. കാണികള്‍ കൈയ്യടിയോടെയാണ് രംഗത്തെ എതിരേറ്റത്. വീഡിയോ കാണാം…

പരിക്കേറ്റ് സ്‌ട്രൈക്കര്‍ റാഷ്‌ഫോര്‍ഡ് ഇന്ന് കളിച്ചിരുന്നില്ല. ബ്രൂണോ ഫെര്‍ണാണ്ടസിന് സസ്‌പെന്‍ഷന്‍ കിട്ടിയതിനാല്‍ അടുത്തയാഴ്ചത്തെ എവേ മത്സരത്തില്‍ കളിക്കാനാകില്ല. അതേസമയം, ലിസാന്‍ഡ്രോയ്ക്ക് വരുന്ന രണ്ട് മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. 21ന് യൂറോപ്പ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ സെവിയ്യക്കെതിരെ കളിക്കും. ചെല്‍സിയുമായുള്ള പ്രീമിയര്‍ ലീഗ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.

Top