രാജ്യസഭയുടെ നടുത്തളത്തില്‍ ഇറങ്ങി ‘അഭ്യാസം’ വേണ്ട; വോട്ടവകാശം നഷ്ടമാകും!

ഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുക. സഭയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണെങ്കില്‍ പോലും പ്രതിഷേധം രേഖപ്പെടുത്താന്‍ നമ്മുടെ നേതാക്കള്‍ ഈ പരിപാടി സജീവമായി നടത്തിവരുന്നു. പലപ്പോഴും പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തന്നെ തടയുന്ന അവസ്ഥയിലേക്ക് ഇത്തരം സംഭവങ്ങള്‍ പോകാറുണ്ട്. ഇത്തരം അഭ്യാസങ്ങളില്‍ നിന്നും എംപിമാരെ പിന്തിരിപ്പിക്കാന്‍ സഭാ നിയമങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ രൂപീകരിച്ച പാനല്‍ പുതിയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.

നടുത്തളത്തില്‍ ഇറങ്ങുന്ന എംപിമാര്‍ ബില്ലുകളില്‍ വോട്ട് ചെയ്യാനുള്ള അവകാശം വിലക്കാനാണ് പാനല്‍ ആവശ്യപ്പെടുന്നത്. അടിയന്തര ചര്‍ച്ചകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രയോജനപ്പെടുത്തുന്ന നിയമം 267 പ്രകാരം ചര്‍ച്ചകള്‍ അരമണിക്കൂറാക്കി പരിമിതപ്പെടുത്താനും പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനൊപ്പം നിയമങ്ങള്‍ ലിംഗഭേദമില്ലാതെ പ്രവര്‍ത്തിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്നു.

പല നിയമങ്ങളിലും പുരുഷ സര്‍വ്വനാമങ്ങളാണ് പരാമര്‍ശിക്കുന്നത്. ഇതിന് മാറ്റം വരുത്തി എംപിമാരെയും, മറ്റ് തസ്തികകളെയും ലിംഗഭേദം ഒഴിവാക്കാനാണ് ജനറല്‍ പര്‍പ്പസ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഈ നിര്‍ദ്ദേശം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭാ, രാജ്യസഭാ നിയമങ്ങളിലെ പിഴവുകള്‍ കണ്ടെത്തിയതോടെയാണ് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യനായിഡു രണ്ടംഗ പാനലിനെ നിയോഗിച്ചത്. അച്ചടക്കമില്ലാതെ പെരുമാറുന്ന അംഗത്തെ രാജ്യസഭാ ചെയറിന് സ്വാഭാവികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരം ഇല്ലെന്നതാണ് ഒരു വിഷയമായി ഉയര്‍ന്നത്. ലോക്‌സഭാ സ്പീക്കര്‍ക്ക് ഈ അധികാരമുണ്ട്.

Top