മാര്‍ബര്‍ഗ് വൈറസ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്

ലോകാരോഗ്യ സംഘടന മുന്‍കരുതല്‍ പ്രകാരം 88 ശതമാനം വരെ മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലേക്ക് യുഎഇയും ഒമാനും കുവൈറ്റും കഴിഞ്ഞദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ആഫ്രിക്കന്‍ വവ്വാലാണ് വൈറസിന്റെ വാഹകരെന്നാണ് കണ്ടെത്തല്‍. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധിതന്റെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസ് പടരും. വാക്‌സിനുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top