ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചു; രണ്ട് മരണം

ഘാന: ലോകത്തെ തന്നെ മാരക വൈറസായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഘാന. ഈ മാസം ആദ്യം മരിച്ച രണ്ട് പേര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ബാധയാണെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മരണനിരക്ക് ഉയര്‍ന്ന മാര്‍ബര്‍ഗും. ഇതിന് ഫലപ്രദമായ വാക്‌സീനില്ലെന്നതും ആശങ്ക കൂട്ടുന്നു.

രോഗബാധയേറ്റാല്‍ വയറിളക്കം, പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണും. മരിച്ച രോഗികളില്‍ സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ നടത്തിയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗികളുടെ സ്രവങ്ങള്‍, വസ്ത്രങ്ങള്‍, മുറിവുകള്‍,പാത്രങ്ങള്‍ എന്നിവയിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്.

ആദ്യം ഘാനയില്‍ നടത്തിയ പരിശോധനയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സെനഗലില്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ഘാന ആരോഗ്യ വിഭാഗം അറിയിച്ചു. അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു. ഇവരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗുനിയയിലായിരുന്നു രോഗബാധ കണ്ടെത്തിയത്.

പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗിലാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. 1967 ല്‍ ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്ന് ഒരു വാക്‌സീന്‍ ലബോറട്ടറിയില്‍ ജോലി ചെയ്തവര്‍ക്കാണ് വൈറസ് ബാധയേറ്റത്.

Top