കുളത്തില്‍ ജെല്ലിക്കെട്ട് കാളയുമായി ടിക് ടോക്ക്; യുവാവ് മുങ്ങി മരിച്ചു

മറയൂര്‍: ടിക് ടോക്ക് ചെയ്യാന്‍ ജെല്ലിക്കെട്ട് കാളുമായി കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട്ടില്‍ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായര്‍പാളയം സ്വദേശി പഴനിസ്വാമിയുടെ മകന്‍ വിഘ്‌നേശ്വരനാണ് (23) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ ചെയ്യാനാണ് യുവാവ് കുളത്തിലെത്തിയത്. തുടര്‍ന്ന് കുളത്തിലിറങ്ങി ജെല്ലിക്കെട്ട് കാളയ്‌ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ടോടുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട് വിഘ്‌നേശ്വരന്‍ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കളും പരിസരവാസികളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കോയമ്പത്തൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം കുളത്തില്‍നിന്ന് കരയ്‌ക്കെത്തിച്ചത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തമിഴ്‌നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കാളവണ്ടിയോട്ട മത്സരങ്ങള്‍ക്കായി കാളകളെ പരിശീലിപ്പിക്കുന്നയാളാണ് വിഘ്‌നേശരന്‍.

Top