മറാത്തി ഒബിസി സംവരണം;കഴിഞ്ഞ നവംബറില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു:ഛഗന്‍ ഭുജ്ബല്‍

മുംബൈ: മറാത്തി വിഭാഗത്തിന് ഒബിസി സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നവംബറില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതായി എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നേതാവും ഭക്ഷ്യമന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഛഗന്‍ ഭുജ്ബല്‍. മറാത്തികള്‍ക്ക് സംവരണം നല്‍കുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍ നിലവിലെ ഒബിസി സംവരണം പങ്കിടുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ്നഗറിലെ റാലിയിലായിരുന്നു തന്റെ രാജി വിവരം അദ്ദേഹം അറിയിച്ചത്.

മറാത്ത ക്വോട്ട ആവശ്യം കൈകാര്യം ചെയ്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനാല്‍ ഭുജ്ബല്‍ ഭക്ഷ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പലരും ആവശ്യമുന്നയിച്ചിരുന്നു. സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചതിന് ഭുജ്ബലിനെ പുറത്താക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള ഒരു ശിവസേന എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.മറാത്ത സമുദായത്തിന്റെ സംവരണത്തെക്കുറിച്ച് നിര്‍ണ്ണയിക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ നടത്തിയ സര്‍വേയില്‍ പിഴവ് സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു. ‘സംസ്ഥാന ജനസംഖ്യയില്‍ ഒബിസി 54-60%, എസ്സി/എസ്ടി 20%, ബ്രാഹ്‌മണര്‍ 3% എന്നിങ്ങനെയാണെങ്കിലും എല്ലാ എംഎല്‍എമാരും എംപിമാരും മറാത്ത വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിയെക്കുറിച്ച് സംസാരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതിനാലാണ് രണ്ട് മാസത്തിലേറെയായി താന്‍ മൗനം പാലിച്ചതെന്നും ഭുജ്ബല്‍ പറഞ്ഞു. അവസാനം വരെ ഒബിസി വിഭാഗത്തിന് വേണ്ടി താന്‍ പോരാടുമെന്നും അദ്ദേഹം അറിയിച്ചു. ‘ഞങ്ങള്‍ മറാത്ത സമുദായത്തിനുള്ള സംവരണത്തെ എതിര്‍ക്കുന്നില്ല. പക്ഷേ അത് അവര്‍ക്ക് പ്രത്യേകം നല്‍കുക. ഞങ്ങളുടെ (ഒബിസി) സംവരണത്തില്‍ നിന്ന് ഇത് നല്‍കരുത്,’ ഭുജ്ബല്‍ പറഞ്ഞു.’പ്രതിപക്ഷത്തിലെ പല നേതാക്കളും എന്തിന് സര്‍ക്കാരില്‍ നിന്നുള്ള നേതാക്കള്‍ പോലും ഞാന്‍ രാജിവയ്ക്കണം എന്ന് പറയുന്നുണ്ട്. ഭുജ്ബലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആരോ പറയുന്നത് കേട്ടു. പ്രതിപക്ഷത്തോടും ഭരണപക്ഷത്തിലെ നേതാക്കളോടും ഇത് പറയാന്‍ ആഗ്രഹിക്കുന്നു. നവംബര്‍ 17 ന് അമ്പാഡില്‍ നടന്ന ഒബിസി എല്‍ഗര്‍ റാലിക്ക് മുന്നോടിയായി, നവംബര്‍ 16 ന് ഞാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. ശേഷമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്,’ ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

Top