വിദഗ്ധചികിത്സ ലഭിച്ചില്ല; പ്രസവത്തെ തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു

hospital

മുംബൈ: വിദഗ്ധചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സിനിമാ താരവും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമ–ടിവി താരമായ പൂജ ഛുഞ്ജാറും (25) കുഞ്ഞുമാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

പ്രസവവേദന ആരംഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി രണ്ട് മണിയോടെ പൂജയെ ഗോരേഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രസവിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. പൂജയുടെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഹിംഗോളി സിവില്‍ ആശുപത്രിയിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

ആംബുലന്‍സ് ലഭ്യമാക്കി 40 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും യാത്രയ്ക്കിടെ രാവിലെ ആറരയോടെ പൂജയും മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിക്കാതിരുന്നതാണ് പൂജയുടേയും കുഞ്ഞിന്റേയും ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ലഭിക്കാതിരുന്നതും സ്വകാര്യ ആംബുലന്‍സ് ലഭ്യമാകാന്‍ വൈകിയതും പൂജയുടെ മരണത്തിന് കാരണമായതായി ബന്ധുക്കള്‍ പറഞ്ഞു.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top