തരംഗമായി ‘മരക്കാര്‍’ ടീസര്‍ കണ്ടത് പത്തുലക്ഷം ആളുകള്‍; കമന്റ് ചെയ്ത് ഫെയ്‌സ്ബുക്കും

മൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ‘മരക്കാര്‍’ ടീസര്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പത്തുലക്ഷം ആളുകളാണ് ടീസര്‍കണ്ടു കഴിഞ്ഞത്. മൂന്ന് ലക്ഷത്തിനു മുകളില്‍ ലൈക്‌സും ടീസറിനു ലഭിച്ചു. ‘മരക്കാര്‍’ തരംഗത്തില്‍ ഫെയ്‌സ്ബുക്കും ഞെട്ടി.

‘എപ്പിക് ടീസര്‍’ എന്നായിരുന്നു ടീസര്‍ പങ്കുവച്ച മോഹന്‍ലാലിന്റെ ഔദ്യോഗിക പേജില്‍ ഫെയ്‌സ്ബുക്ക് ടീം കമന്റ് ചെയ്തത്. സിനിമയുടെ ടീസറിനു പ്രതികരണമറിയിച്ച് ഫെയ്‌സ്ബുക്ക് തന്നെ നേരിട്ട് എത്തുന്നത് ഇതാദ്യമാണ്.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ചിത്രം ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും വന്‍ ആവേശത്തിലാണ്. ലോകമൊട്ടാകെ മൂവായിരം സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

അഞ്ചു ഭാഷകളില്‍ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ, മൂന്നു ദേശീയ അവാര്‍ഡുകളും മൂന്നു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിര്‍മാതാക്കള്‍.

 

Top