ഒ.ടി.ടിയിൽ ‘മരക്കാർ’ വീണുപോയാൽ, ലാലിന്റെ മറ്റു സിനിമകൾക്കും തിരിച്ചടി ?

രയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നല്ല സിനിമയായി മാറണമെന്നതാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. അതിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് മൊബൈല്‍ ഫോണിലെ ചെറിയ സ്‌ക്രീനിലേക്കാണ് ഒതുങ്ങിപ്പോയിരിക്കുന്നത്. ‘കല’ എന്നതിനും ഉപരിയായി ഇന്നു രാജ്യത്തെ പ്രധാന കച്ചവട മേഖലയാണ് സിനിമ. അതിനെ ആ രൂപത്തില്‍ മാത്രമാണ് മരക്കാറിന്റെ നിര്‍മ്മാതാക്കളും കണ്ടിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്. പ്രേക്ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ‘മരക്കാര്‍’ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ശേഷം തിയറ്ററിലും പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നുണ്ടെങ്കിലും അതും വല്ലാതങ്ങ് ഏശിയിട്ടില്ല. തിയറ്റര്‍ ഉടമകളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടന ‘മരക്കാറിന് ‘ എതിരാണ്. നിര്‍മ്മാതാക്കളുടെ പിടിവാശിയാണ് ഇതിനു കാരണം.

ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ‘ഒറ്റയാനായ’ തിയറ്റര്‍ ഉടമ വിചാരിച്ചാല്‍ മറികടക്കാവുന്ന തടസ്സമൊന്നും അല്ല അത്. തിയറ്റര്‍ ഉടമകളെ എതിരാക്കിയത് ആന്റണി പെരുമ്പാവൂരിന്റെ കച്ചവട താല്‍പ്പര്യമാണ്. ഇക്കാര്യത്തില്‍ മോഹന്‍ ലാലിനും പ്രിയദര്‍ശനും വലിയ പങ്കുമുണ്ട്. ആന്റണിയെ മുന്‍ നിര്‍ത്തി കളിച്ചത് ഇവര്‍ രണ്ടു പേരുമാണ്. ‘സിനിമ ഓടിയ ശേഷമേ താനും ലാലും പ്രതിഫലം വാങ്ങൂ” എന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരുടെ നിലപാടും സ്വാഭാവികമാണ്. ഇതോടെ ‘മരക്കാര്‍’ മുന്‍പ് ഉയര്‍ത്തിയ ആവേശമാണ് കെട്ടിരിക്കുന്നത്.

ഒ.ടി.ടി റിലീസ് പ്രഖ്യാപനത്തില്‍ ലാല്‍ ആരാധകര്‍ പോലും വലിയ കലിപ്പിലാണുള്ളത്. മോഹന്‍ലാലിന്റെ പ്രതിച്ഛായക്കും ഈ സംഭവം വലിയ കോട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി ബാക്കി 5 സിനിമകള്‍ കൂടി ഒ.ടി.ടിക്ക് കൊടുക്കുന്നതോടെ ലാലിനെതിരായ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനാണ് സാധ്യത. ”മരയ്ക്കാര്‍ ” അറബിക്കടലിലെ ‘എലിയായി’ മാറിയാല്‍ മോഹന്‍ലാലിന്റെ ഒ.ടി.ടി കച്ചവടത്തെയും അതു ശരിക്കും ബാധിക്കും. ഇപ്പോള്‍ നല്‍കുന്ന വലിയ തുകയൊന്നും അത്തരം സാഹചര്യത്തില്‍ ലാലിന്റെ സിനിമകള്‍ക്ക് ഒരിക്കലും ലഭിക്കുകയില്ല. ഈ ഒരു സാഹചര്യം ഒഴിവാക്കാന്‍ ”സ്വയം തള്ളുമായാണ് ‘ ‘മരക്കാറിന്റെ” അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ” … ആദ്യ സ്വകാര്യ പ്രദര്‍ശനം മുന്‍ നിര്‍ത്തിയുള്ള ക്യാംപയിനാണ് വ്യാപകമായി സംസ്ഥാനത്ത് നടക്കുന്നത്. പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റാന്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സിനിമയെ കുറിച്ച് ഏറെ വാചാലനായി പോസ്റ്റിട്ടതാകട്ടെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ റോയ് സി.ജെ ആണ്. ‘സര്‍ഗാത്മകതയുടെ ഒരു സദ്യയാണ് മരക്കാരെന്നും ഹോളിവുഡ് നിലവാരമാണ് ചിത്രത്തിനെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ നാഴികക്കല്ല് കുറേനാളത്തേക്ക് അവിടെത്തന്നെയുണ്ടാവും എന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമകൂടിയായ റോയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ഒരു സഹനിര്‍മ്മാതാവ് എന്ന നിലയില്‍ താന്‍ ഏറെ ആവേശത്തിലാണെന്നും അദ്ദേഹം പറയുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ അഭിപ്രായപ്രകടനമാണിത്. അതേസമയം ഈ അഭിപ്രായ പ്രകടനത്തിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുത്തെങ്കിലും മോഹന്‍ലാല്‍ ആരാധകരില്‍ നിന്നുള്‍പ്പെടെ തണുത്ത പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ടവര്‍ മൊബൈലില്‍ സിനിമ കാണാന്‍ വിധിക്കപ്പെട്ടവരാട് അഭിപ്രായം പറയണ്ടന്ന കമന്റുകളും വളരെ വ്യാപകമാണ്. നിര്‍മ്മാതാക്കളും മോഹന്‍ലാലും എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും പ്രേക്ഷകരാട് ചെയ്തത് വലിയ വഞ്ചനയാണ് എന്നു തന്നെയാണ് പൊതുവായ വിലയിരുത്തല്‍. ഇനി സിനിമ പ്രതീക്ഷക്കൊത്ത് ഉയരുക കൂടി ചെയ്തില്ലങ്കില്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടാന്‍ പോകുന്നതും നടന്‍ മോഹന്‍ലാല്‍ തന്നെ ആയിരിക്കും.

‘കാലാപാനി’ എന്ന സിനിമ ഇന്നും ലാലിന്റെയും ഗുഡ് നൈറ്റ് മോഹന്റെയും പേടി സ്വപ്‌നമാണ്. കലാമൂല്യമുള്ള സിനിമയായിട്ടും പ്രിയദര്‍ശന്റെ ഈ സിനിമ വലിയ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഈ ‘ചരിത്രം’ മരക്കാറില്‍ എന്തായാലും സംഭവിക്കുകയില്ല. ഒടിടിക്ക് കൊടുത്തു കഴിഞ്ഞതിനാല്‍ നഷ്ടമായാലും ലാഭമായാലും അവരാണ് ഇനി അനുഭവിക്കേണ്ടി വരിക. കാലാപാനി ഇറങ്ങുമ്പോള്‍ കോവിഡും പ്രളയവും നിപ്പയും ഒന്നും ഇല്ലായിരുന്നു. എന്നിട്ടും ആ സിനിമ നഷ്ടമായി. ലൂസിഫര്‍ പോലുള്ള വലിയ വിജയം മരക്കാറിന് ഉണ്ടാകുമെന്ന് റോയിക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ തിയറ്റര്‍ റിലീസിനാണ് ആന്റണിയെ പ്രേരിപ്പിക്കേണ്ടിയിരുന്നത്.

സിനിമ ഇഷ്ടപ്പെട്ടാല്‍ ജനം ഇരച്ചു കയറും. അത് ഉറപ്പാണ്. പ്രദര്‍ശനം കൂട്ടിയും കൂടുതല്‍ ദിവസം കളിച്ചും കോവിഡ് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമായിരുന്നു. ആ സാധ്യതകള്‍ നിങ്ങളായിട്ട് തകര്‍ത്തത് മരക്കാറിന്റെ വിജയ സാധ്യതയില്‍ നിങ്ങള്‍ക്കു തന്നെ ആശങ്കയുണ്ട് എന്നതു കൊണ്ടു മാത്രമാണ്. ആര് അംഗീകരിച്ചാലും ഇല്ലങ്കിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നേട്ടം കൊയ്താലും ഇല്ലങ്കിലും വീരശൂര പരാക്രമിയായ ‘മരക്കാര്‍’ പേടിച്ചടത്ത് ശരിക്കും ധൈര്യം കാണിച്ചിരിക്കുന്നത് ഇപ്പോള്‍ സാക്ഷാല്‍ ‘കുറുപ്പാണ് ‘ അതും ഓര്‍ത്തു കൊള്ളണം.

EXPRESS KERALA VIEW

Top