മരക്കാര്‍ മലയാള സിനിമയ്ക്ക് നാഴികക്കല്ലാകും; പൃഥ്വിരാജ് സുകുമാരന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മലയാളസിനിമയ്ക്ക് നാഴികക്കല്ല് ആകുമെന്ന് പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം. മരക്കാറും മാമാങ്കവും മലയാള സിനിമയുടെ മാറ്റത്തിന് വലിയ ഉദാഹരണങ്ങളാണെന്നും താരം പറഞ്ഞു.

‘മലയാളസിനിമയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാര്‍ പോലൊരു സിനിമ. മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാമാങ്കവും മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകള്‍ക്ക് ആവശ്യം.’

‘മരക്കാര്‍ സിനിമ റിലീസിനു മുമ്പ് പ്രി-ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാന്‍ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളര്‍ന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങള്‍ കാണേണ്ടത്. സ്വപ്നം കണ്ടാല്‍ മാത്രം പോര, ആ കഥയെ എങ്ങനെ വലിയ രീതിയില്‍ അവതരിപ്പിക്കാം എന്ന കൃത്യമായ ബോധ്യവും ഉണ്ടായിരിക്കണം. വരാനിരിക്കുന്ന കുറച്ച് കാലങ്ങള്‍ മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്നതാകുമെന്നും പൃഥ്വി പറഞ്ഞു.

Top