മരക്കാറിന്റെ ട്രെയിലറിനായുള്ള കാത്തിരിപ്പ്; അഞ്ച് ഭാഷകളില്‍ അഞ്ച് താരങ്ങള്‍ പുറത്തിറക്കും

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളില്‍ എത്തും. പ്രശസ്ത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ടീസറുകള്‍ക്ക് പിന്നാലെ സിനിമയുടെ ട്രെയിലറും വരികയാണ്.

ചിത്രത്തിന്റെ ട്രയിലര്‍ നാളെയാണ് പുറത്തിറങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ട്രയിലര്‍ പുറത്തുവിടുന്നത്. മലയാളം ട്രെയിലര്‍ മോഹന്‍ലാലിന്റെ പേജിലൂടെയും ഹിന്ദി ട്രെയിലര്‍ അക്ഷയ്കുമാറിന്റെ പേജിലൂടെയും പുറത്തിറങ്ങും. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും ജൂനിയര്‍ എന്‍ ടി ആര്‍ തെലുങ്ക് പതിപ്പിന്റെ ട്രയിലറും പുറത്തിറക്കും.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. സൈന തന്നെയാണ് ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. എല്ലാ ഭാഷകളിലെയും ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതും സൈനയാണ്.

കേരളത്തിലെ 90 ശതമാനം തിയ്യേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top