ന​ഗരസഭ നോട്ടീസിനെതിരെ മരടിലെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലെ കെ.കെ നായരാണ് ഹര്‍ജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്നാണ് നിയമവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസംങ്ങളിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കൽ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാൽ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

ഇതിനിടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഫ്‌ളാറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top