ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ നിരവധി ആളുകള്‍ പെരുവഴിയിലാകുമെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് നല്‍കി.

നിരവധി ആളുകള്‍ പെരുവഴിയിലാകുന്ന വിഷയമാണിത്. ഉത്തരവ് മറികടക്കുവാന്‍ തീരദേശ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കണം. ഇതിനായി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണം, ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഫ്ളാറ്റ് ഉടമകള്‍. തുറന്ന കോടതിയില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സ്വന്തം വാദങ്ങള്‍ സുപ്രീംകോടതി കേട്ടിട്ടില്ലെന്നും, അതിനാല്‍ കേസ് തുറന്ന കോടതിയില്‍ പരിഗണിച്ച് അവസരം നല്‍കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെടുകയാണ്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഫ്‌ളാറ്റുടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനം സുപ്രീംകോടതി പരിശോധിച്ചപ്പോഴും പിന്നീട് മൂന്നംഗ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോഴുമൊന്നും സ്വന്തം ഭാഗം പറയാനുള്ളത് കേട്ടില്ലെന്നാണ് ഫ്‌ളാറ്റുടമകളുടെ വാദം.

നീക്കത്തിനെതിരെ ഫ്ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചു.

ഫ്ളാറ്റുകളിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇ-മെയില്‍ വഴിയാണ് അയക്കുന്നത്. ഇതോടൊപ്പം 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും. ഫ്ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നുമാണ് ഹര്‍ജിയിലൂടെ ഫ്ളാറ്റുടമകള്‍ അഭ്യര്‍ത്ഥിക്കുന്നത്.

Top