മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് നഗരസഭ

കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന കോടതി വിധി നടപ്പാക്കുമെന്നും ഇതിനായി സര്‍ക്കാരിന്റെ സഹായം തേടിയെന്നും മരട് നഗരസഭ അധികൃതര്‍. മരട് മുനിസിപ്പാലിറ്റിയില അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരേ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാനായി നഗരസഭ തയാറെടുക്കുന്നത്.

സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചില്‍നിന്നു വിധിയില്‍ സ്റ്റേ സമ്പാദിച്ചതില്‍ ഹര്‍ജിക്കാര്‍ക്കും ഹാജരായ അഭിഭാഷകര്‍ക്കുമെതിരേ സുപ്രീംകോടതി ബെഞ്ച് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. അവധിക്കാല ബെഞ്ച് വിധിയില്‍ ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും മൂന്നു മുതിര്‍ന്ന അഭിഭാഷകര്‍ ഈ തട്ടിപ്പില്‍ പങ്കുകാരായെന്നും ബെഞ്ച് നിരീക്ഷിച്ചു. പണമാണോ നിങ്ങള്‍ക്ക് എല്ലാം എന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ഇത്തരം നടപടികളില്‍ ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടി എടുക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കുകയുെ ചെയ്തു.

തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Top