മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് സാധനങ്ങൾ നീക്കാം

മരട്: മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഇന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് അനുമതി. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി.

സാധനങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ സാവകാശം ലഭിച്ചില്ലെന്ന് ഉടമകള്‍ നഷ്ടപരിഹാര നിര്‍ണ്ണയ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് എയര്‍ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒരു ദിവസത്തെ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കി തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഫ്‌ലാറ്റ് സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലമാണ് ഡിമോളിഷന്‍ എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

Top