മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കോടതിവിധി ; സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഫ്‌ളാറ്റ് ഉടമകള്‍. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ ധര്‍ണ നടത്തി. സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു, സൗബിന്‍ ഷാഹിര്‍ ,മേജര്‍ രവി തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്. ഇതുകൊണ്ടാണു റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ തള്ളിയത്.

2011ലെ സിആര്‍സെഡ് വിജ്ഞാപന പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് 2019 ഫെബ്രുവരി 28നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച തീരമേഖലാ കൈകാര്യ പദ്ധതിയില്‍ മരട് ഉള്‍പ്പെടുന്ന പ്രദേശത്തെ സിആര്‍സെഡ്- രണ്ടിലാണ് പെടുത്തിയത്. എന്നാല്‍, സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം മറച്ചുവച്ച് 1996ലെ അവ്യക്തതയുള്ള പദ്ധതി ആധാരമാക്കി പ്രദേശം സിആര്‍സെഡ്- മൂന്നിലാണെന്നു കാട്ടി കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.

Top