നഗരസഭ ഒഴിഞ്ഞുമാറേണ്ട, എത്രയും വേഗം അവശിഷ്ടങ്ങള്‍ നീക്കണം; ഹരിത ട്രൈബ്യൂണല്‍

കൊച്ചി: മരടില്‍ തകര്‍ത്ത് ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കാണാന്‍ ഹരിത ട്രൈബ്യൂണല്‍ സംഘം എത്തി. ഫ്‌ലാറ്റ് പൊളിച്ചതിന് ശേഷം പൊടി ശല്യവും വായുമലിനീകരണവും രൂക്ഷമാണെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ട്രൈബ്യൂണലിന്റെ നേരിട്ടുള്ള സന്ദര്‍ശനം.

ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സംഘം പ്രദേശം സന്ദര്‍ശിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയത്ത് നീക്കം ചെയ്യേണ്ടത് മരട് നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള പറഞ്ഞു. ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നഗരസഭയ്ക്ക് കഴിയില്ല. അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടമാണ് ശാശ്വത പരിഹാരം കാണേണ്ടതെന്ന് നഗരസഭ നേരത്തെ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പൊടി നിയന്ത്രിക്കാന്‍ ടാങ്കറുകളില്‍ വെള്ളമെത്തിച്ച് താല്‍ക്കാലിക പരിഹാരം കാണുകയാണിപ്പോള്‍ നഗരസഭ.

Top