ഒഴിയുക തന്നെ വേണം; മരടിലെ ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, തങ്ങളുടെ വാദം സുപ്രീംകോടതി കേട്ടില്ലെന്ന് ഫ്ളാറ്റ് ഉടകള്‍ ആരോപണം ഉന്നയിച്ചു.

അതേസമയം, മരടിലെ ഫ്ളാറ്റുടമകള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ളാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്ളാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

അനുയോജ്യമായ ഫ്ളാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധന സാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്നായിരുന്നു നഗരസഭ അറിയിച്ചത്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതല്‍ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത്. ഫ്ളാറ്റുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നേരത്തെ മുതല്‍ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.

വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്ളാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫളാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടര്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

ഇതിനിടെ, ഫ്ളാറ്റുടമകള്‍ക്ക് മാറി താമസിക്കാന്‍ നല്‍കിയ ഫ്ളാറ്റുകളില്‍ ഒഴിവില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഫ്ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശമായ മറുപടിയാണെന്നും വ്യക്തമായ അന്വേഷണം നടത്താതെയാണ് ജില്ലാഭരണകൂടം ഫ്ളാറ്റുകളുടെ പട്ടികകള്‍ തയ്യാറാക്കിയതെന്നും ഇതോടെ സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തി മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു.

Top