മരട് ഫ്‌ളാറ്റ്: ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കെന്ന് സുപ്രീംകോടതി

ഡല്‍ഹി: മരടില്‍ തീരദേശ ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിലെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥര്‍ക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഫ്‌ളാറ്റ് നിര്‍മാതാക്കളല്ല അനധികൃത നിര്‍മാണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ എത്രയുംപെട്ടെന്ന് കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കാണോ അതോ മറ്റേതെങ്കിലും വ്യക്തികള്‍ക്കാണോയെന്ന് കണ്ടെത്താന്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരാണ് നല്‍കിയതെങ്കിലും ഈ തുക പിന്നീട് ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കിയിരുന്നു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചാല്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ തുകയുടെ ഒരു ഭാഗമെങ്കിലും തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്റ്റംബര്‍ ആറിനകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Top