മരട് നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്തുള്ള ഫ്ലാറ്റുടമകളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റുടമയായ എം കെ പോള്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭ സെക്രട്ടറി നല്‍കിയ നോട്ടീസ് നിയമപരമല്ലെന്നാണ് ഉടമകളുടെ ആരോപണം.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ മുഴുവന്‍ ഉത്തരവുകളും ഇന്ന് ഹാജരാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്നും ഇത് സത്യവാങ്മൂലത്തില്‍ വ്യക്തമാണെന്നുമായിരുന്നു ഇന്നലെ കോടതി നിരീക്ഷിച്ചത്. നിയമലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോയെന്ന് ചോദിച്ച കോടതി പ്രളയത്തെയടക്കം ഇന്നലെ ഓര്‍മ്മിപ്പിച്ചു.

നിയമലംഘനം സംരക്ഷിക്കുകയാണോ കേരളമെന്ന് കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നുവെന്നുമാണ് കോടതി പറഞ്ഞത്. ഇന്നലെ തന്നെ കേസില്‍ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര തീരുമാനിച്ചത്. എന്നാല്‍ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

Top