നഷ്ടപരിഹാരത്തുക എല്ലാവര്‍ക്കും നല്‍കണം; സമിതിക്കെതിരെ പ്രതിഷേധവുമായി ഫ്‌ളാറ്റ് ഉടമകള്‍

കൊച്ചി: നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് നഷ്ടപരിഹാര സമിതിക്കെതിരെ മരടിലെ ഫ്ളാറ്റ് ഉടമകള്‍ രംഗത്ത്. ഓരോ ഉടമയ്ക്കും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ വ്യക്തമാക്കി.

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ ആദ്യഘട്ടത്തില്‍ മൂന്നുപേര്‍ക്കു മാത്രമാണ് 25ലക്ഷം രൂപ നഷ്ടപരിഹാര തുക ലഭിക്കുക. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയാണ് ഈ ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. 14 ഫ്ളാറ്റുടമകളുടെ ക്ലെയിമുകളാണ് തിങ്കളാഴ്ച നഷ്ടപരിഹാര സമിതി പരിശോധിച്ചത്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തിയത്.

നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് നഗരസഭയുടെ ഭാഗത്തുനിന്നോ നഷ്ടപരിഹാര സമിതിയുടെ ഭാഗത്തുനിന്നോ കൃത്യമായ യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പരാതിപ്പെടുന്നു.

രേഖകളുമായി സ്വമേധയാ എത്തിയവരുടെ പരിശോധനകളാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഇനിയും ഒരുപാടു പേര്‍ക്ക് രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ ലഭിക്കുന്നില്ലെന്നും ഉടമകള്‍ പരാതിപ്പെടുന്നു.

Top