മരട് ഫ്‌ളാറ്റ്: ജഡ്ജിക്ക് ആദ്യഗഡുവായി 10 ലക്ഷം നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് പത്ത് ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് മരടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഉത്തരവാദികളായവരെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാണ് തുക നൽകുന്നത്. സംസ്ഥാന സര്‍ക്കാരിനോടാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്കുള്ള വരവ് പോലും മാറ്റിവച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

റിപ്പോര്‍ട്ട് തയ്യാറാക്കിയതിനുള്ള തുക ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് കൈമാറാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുക എത്രയെന്ന് വ്യക്തമാക്കിയിരുന്നില്ല. തുക പറയാന്‍ ജസ്റ്റിസ് തോട്ടത്തിലും തയ്യാറായില്ല. തുടര്‍ന്ന് അമിക്കസ്‌ക്യുറി ഗൗരവ് അഗര്‍വാള്‍ പത്ത് ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കണമെന്ന ശുപാര്‍ശ കോടതിയെ അറിയിക്കുകയായിരുന്നു. ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു.

കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മരട് റിപ്പോര്‍ട്ട് തയ്യാര്‍ ആകുന്നതിനുള്ള ചുമതല ലഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്കുള്ള മാറാനുള്ള തീരുമാനം താത്കാലികമായി മാറ്റി വച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക ആയിരുന്നു. അതിനാല്‍ തന്നെ ജസ്റ്റിസ് രാധാകൃഷ്ണന്റെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണ്. ഇപ്പോള്‍ നല്‍കുന്നത് ആദ്യ ഗഡു ടോക്കണ്‍ തുക ആണെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

Top