മരട് ഫ്‌ളാറ്റ് വിഷയം: കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി. ഫ്‌ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുകയെന്നും കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നാണ് കോടതിയുടെ താക്കീത്.

മരട് കേസ് 23ന് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനുള്ള നീക്കങ്ങളും തുടരുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.

മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top