ഫ്ലാറ്റുടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും ; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം

കൊച്ചി : മരടിലെ ഫ്‌ലാറ്റുടമകള്‍ ഒഴിഞ്ഞു തുടങ്ങി. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്‌ലാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്‌ലാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുയോജ്യമായ ഫ്‌ലാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധന സാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും.

ഇന്ന് മുതല്‍ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത്. ഫ്‌ലാറ്റുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നേരത്തെ മുതല്‍ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.

വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്‌ലാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫ്‌ലാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും.

രണ്ടാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടർ ഫ്ലാറ്റ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ജില്ലാ കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

Top